Saturday, July 7, 2012


വിഴിഞ്ഞം: പുതിയ നിര്‍ദേശവുമായി വെല്‍സ്‌പണ്‍

Published on  07 Jul 2012

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിനായി രംഗത്തുള്ള ഏക കമ്പനിയായ വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചു. ഗ്രാന്‍ഡ് തുക 100 കോടി കുറയ്ക്കാമെന്ന നിര്‍ദേശമാണ് കമ്പനി സര്‍ക്കാരിന് മുമ്പാകെ പുതുതായി വെച്ചിരിക്കുന്നത്. തുറമുഖം പാട്ടത്തിന് നടത്താന്‍ 479 കോടി രൂപ ഗ്രാന്‍ഡായി ചോദിച്ചിരുന്നത് 379 കോടിയായി കുറയ്ക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ഉപാധിയില്ലാതെ 11 കോടി കുറയ്ക്കാമെന്നും പിന്നീട് ഉപാധികളോടെ 21 കോടി കുറയ്ക്കാമെന്നും കമ്പനി അറിയിച്ചെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചിരുന്നില്ല. ഗ്രാന്‍ഡ് തുക വായ്പയായി കരുതി പദ്ധതി ലാഭത്തിലായാല്‍ തിരിച്ചടയ്ക്കാവുന്നതാണെന്നാണ് കമ്പനിയുടെ വാദം. പുതിയ കമ്പനിയുമായി ചര്‍ച്ചനടത്തുകയാണെങ്കില്‍ താരതമ്യം ചെയ്യണമെന്നും തങ്ങളുമായും കൂടിയാലോചന നടത്തണമെന്നും വെല്‍സ്പണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രാന്‍റ് പൂര്‍ണമായി ഒഴിവാക്കണമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. വെല്‍സ്പണ്‍ ഗ്രാന്‍ഡിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായ സാഹചര്യത്തില്‍ പദ്ധതി വൈകുന്നത് ഒഴിവാക്കി വെല്‍സ്പണെ തന്നെ ഏല്‍പിക്കണോ അതോ റീടെന്‍ഡറിലേക്ക് പോകണോ എന്ന കാര്യം മന്ത്രിസഭ തീരുമാനിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി പുതിയ നിര്‍ദേശം വിലയിരുത്തിയ ശേഷമാകും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുക.

എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി, ലോ സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി, വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി എന്നിവര്‍ വെല്‍സ്പണിന്റെ അധികൃതരുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഗ്രാന്‍ഡ് തുക കുറയ്ക്കാമെന്ന് ഇന്ന് രേഖാമൂലം അറിയിച്ചത്.

റീടെന്‍ഡര്‍ നടത്തിയാല്‍ അതില്‍ പങ്കെടുക്കാന്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കി നിര്‍മാണച്ചുമതല ആരെയും ഏല്പിക്കേണ്ട എന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയതായാണ് സൂചന. ഹൈദരാബാദ് ആസ്ഥാനമായുള്ള ജി.വി.കെ ഗ്രൂപ്പ്, ദുബായിലെ സെല്‍മ എമിറേറ്റ്‌സ് എന്നിവരാണ് ഇപ്പോള്‍ തുറമുഖ നിര്‍മാണത്തിന് താത്പര്യം കാണിച്ചിരിക്കുന്നത്. ഫ്രഞ്ച് എംബസി വഴി തുറമുഖ നിര്‍മാണ പരിചയ സമ്പന്നതയുള്ള കമ്പനിയും പ്രാഥമിക താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി അറിയുന്നു. റീടെന്‍ഡറിനു വെച്ചാല്‍ തങ്ങളും പങ്കെടുക്കുമെന്ന സൂചനകള്‍ ഇവര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
Mathrubhumi